07:13pm 10 November 2026
NEWS
വിദേശപൗരനുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ടത് ദേശീയ താൽപര്യത്തിനെതിരെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനിയെ സർവകലാശാലയിൽ നിന്നും പുറത്താക്കി
17/07/2025  12:18 PM IST
nila
വിദേശപൗരനുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ടത് ദേശീയ താൽപര്യത്തിനെതിരെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനിയെ സർവകലാശാലയിൽ നിന്നും പുറത്താക്കി

വിദേശപൗരനുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ടതിന്റെ പേരിൽ വിദ്യാർത്ഥിനിയെ സർവകലാശാലയിൽ നിന്നും പുറത്താക്കി. വടക്കു കിഴക്കൻ ചൈനയിലെ ഡാലിയൻ പോളിടെക്നിക് സർവകലാശാലയുടെ നടപടിയാണ് ഇപ്പോൾ വിവാദമാകുന്നത്. യുക്രെയ്ൻ പൗരനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിദ്യാർത്ഥിനിയെ പുറത്താക്കിയതെന്ന് സർവകലാശാല തന്നെ വ്യക്തമാക്കി. പെൺകുട്ടിയുടെ നടപടി ദേശീയ താൽപര്യത്തിനെതിരാണെന്നും സർവകലാശാല ആരോപിക്കുന്നു. 

പുറത്താക്കപ്പെട്ട വിദ്യാർഥിനിയുടെ പേരും മറ്റു വിവരങ്ങളും സഹിതം പുറത്താക്കിയ കാരണത്തോടെയുള്ള വിശദീകരണക്കുറിപ്പും സർവകലാശാല പുറത്തുവിട്ടു. യുക്രെയ്ൻ പൗരനുമായി ലൈംഗികബന്ധത്തിലേർപ്പെട്ട വിദ്യാർത്ഥിനിയുടെ നടപടി രാജ്യത്തെ തന്നെ നാണംകെടുത്തുന്നതാണെന്നും സർവകലാശാല ചൂണ്ടിക്കാട്ടുന്നു. ഇത് ചൈനയിലെ സമൂഹമാധ്യമങ്ങളിലും പുറത്തും വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. വിദേശികളെ കാണുമ്പോൾ 'ആകൃഷ്ടരായി' പോകുന്ന യുവതിക്കൾക്ക് ഇത് പാഠമാകണമെന്ന് സർവകലാശാലയെ പിന്തുണയ്ക്കുന്നവർ സമൂഹമാധ്യമങ്ങളിൽ കുറിക്കുമ്പോൾ, അങ്ങേയറ്റം നീചമായ രീതിയാണിതെന്ന് മറ്റുള്ളവരും പ്രതികരിക്കുന്നു. 

ക്യാംപസിനുള്ളിൽ വച്ച് നടക്കുന്ന ലൈംഗിക അതിക്രമങ്ങളിൽ പോലും നിസാര ശിക്ഷകൾ മാത്രം നൽകുമ്പോൾ ഇത്തരമൊരു വിഷയത്തിൽ എന്തുകൊണ്ടാണ് കഠിനമായ ശിക്ഷയെന്ന് ചിലർ ചോദ്യമുയർത്തി. വിദ്യാർഥിനിയുടെ പേരും വിവരങ്ങളും പുറത്തുവിട്ടതോടെ സ്വകാര്യത ലംഘിക്കുകയാണ് ചെയ്തതെന്നും കുറ്റകരമായ നടപടിയാണിതെന്നും ന്യൂയോർക്ക് ടൈംസിലെ ലേഖനത്തിൽ പറയുന്നു. ലിംഗനീതി, വ്യക്തി സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളാണ് വിദ്യാർഥിനിക്കെതിരായ നടപടിയോടെ ചർച്ചയായിരിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img